കീവ്: യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദം ബുരകോവ്‌സ്‌കി ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല തീരുമാനം.
ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന നിലയ്ക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് പോകാൻ യുക്രൈൻ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ അറിയിച്ചിട്ടുണ്ട്. തീവണ്ടി യാത്രയാണ് കൂടുതല്‍ സുരക്ഷിതം എന്നും ട്വീറ്റില്‍ പറയുന്നു.
കീവിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേക്ക് ഇന്ത്യക്കാര്‍ പോകണമെന്നാണ് നിര്‍ദേശം. ഇക്കാര്യം നിര്‍ബന്ധമായും ഇന്ത്യക്കാര്‍ പാലിക്കണമെന്ന് എംബസി അറിയിച്ചു.കീവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് സൗജന്യമായിരിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമെത്തുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.
രക്ഷാദൗത്യത്തിന് മോള്‍ഡോവയുടെ സഹായവും ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാള്‍ഡോവ വിദേശകാര്യ മന്ത്രിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടു. മോള്‍ഡോവന്‍ അതിര്‍ത്തിയിലൂടെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാന്‍ അവസരം ഒരുക്കണമെന്ന് എസ് ജയശങ്കര്‍ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ നാളെ മോള്‍ഡോവയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.