കെ.എസ്.ആര്‍.ടി.സിയിലെ വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധിയില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. പ്രതിമാസം രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വനിതാ കണ്ടക്ടര്‍മാര്‍ക്ക് പ്രതിദിനം എട്ട് മുതല്‍ 16 മണിക്കൂര്‍ വരെ ദീര്‍ഘനേരം നിന്ന് ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും, തിരക്കേറിയ ബസുകളിലെ ജോലി കാരണം ആര്‍ത്തവ ദിനങ്ങളില്‍ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബീഹാര്‍, ഒഡീഷ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് സമാനമായ രീതിയില്‍ ആര്‍ത്തവാവധി ലഭിക്കുന്നുണ്ടെന്ന കാര്യവും ഹരജിയില്‍ പറയുന്നു. ഈ ഹരജിയിലാണ് മൂന്ന് മാസത്തിനകം സര്‍ക്കാരോട് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം.
















