തിരുവനന്തപുരം: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ലേബർ കോഡ് കേരളത്തിൽ നടപ്പാക്കുന്ന വിഷയത്തിൽ എല്ലാ ട്രേഡ് യൂണിയനുകളുമായും വിശദമായ ചർച്ച നടത്തുമെന്നും, ആലോചനകൾക്ക് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്രഹ്മോസ് എയറോസ്‌പേസ് പദ്ധതിക്കായി നൽകാനുള്ള ബാക്കി 90 ഏക്കർ ഭൂമി കൈമാറുന്നതിനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ തുടർനടപടികൾക്ക് വേഗം കൈവരുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ അംഗീകൃത ഓഹരി മൂലധനം നിലവിലെ 35 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
നിയമനങ്ങളിലും മന്ത്രിസഭ തീരുമാനമെടുത്തു. വിജിലൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ജി. ശശീന്ദ്രനെയും, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഡോ. കെ.കെ. രാമചന്ദ്രനെയും നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
















