കൊച്ചി: സംസ്ഥാനത്തെ വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ. വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും. സിപിഎമ്മിന്റെ ആശയസംഹിതയിൽ ഉറച്ചുനിന്നാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വികസനരേഖ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കെ റെയിൽ അടക്കമുള്ള വിഷയത്തിൽ സിപിഎമ്മിന് ഉള്ളിൽ നിന്നും തന്നെ എതിർപ്പുകളുയരുന്ന സാഹചര്യത്തിലാണ് കോടിയേരി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.