മോസ്‌കോ: 31 വർഷങ്ങൾക്ക് മുന്‍പ് ശിഥിലീകരിക്കപ്പെട്ട സോവിയറ്റ് യൂണിയന്റെ പുനരുജ്ജീവനമാണോ റഷ്യന്‍ പ്രസിഡന്റ് പുതിന്റെ പുതിയ ലക്ഷ്യം? അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണോ യുക്രൈന് നേര്‍ക്കുള്ള യുദ്ധം? റഷ്യയുടെ യുദ്ധപ്രഖ്യാപനത്തിനു ശേഷം ഉയര്‍ന്നു വന്ന ചോദ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഇവ. ഈ ചോദ്യങ്ങളും യുക്രൈന്‍ യുദ്ധവും ആശങ്കയിലാക്കിയ മറ്റു ചില രാജ്യങ്ങളുമുണ്ട്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാള്‍ട്ടിക് രാജ്യങ്ങളായ എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവയാണ് യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ ഇപ്പോൾ നടുങ്ങിയിരിക്കുന്നത്.
നാറ്റോ അംഗത്വത്തിലേക്ക് അടുത്തിരുന്ന, റഷ്യയ്ക്കും യൂറോപ്പിനും ഇടയില്‍ ഇരുകൂട്ടര്‍ക്കും ഒരു കവചം പോലെ നിന്നിരുന്ന രാജ്യമാണ് യുക്രൈന്‍. സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപനത്തിന്റെ ആദ്യ ചുവടുവെപ്പ് യുക്രൈനില്‍നിന്നും ആരംഭിക്കാനാണോ റഷ്യന്‍ശ്രമം എന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ഏതുരാജ്യമാകും റഷ്യയുടെ അടുത്ത ലക്ഷ്യമെന്നൊരു ചോദ്യവും ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്.
















