വാഷിങ്ടണ്‍: യുക്രൈന്‍-റഷ്യ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടറിയിച്ച് അമേരിക്ക. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെ ആക്രമിച്ചതിൻ്റെ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ സൂചിപ്പിച്ചത്.
യുക്രൈനിലെ സംഘര്‍ഷ മേഖലകളിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയച്ച് യുദ്ധത്തിലേക്ക് കടക്കുന്നില്ലെന്നാണ് ബൈഡന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പുടിന്‍ അതിക്രമിയാണെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധം തിരഞ്ഞെടുത്ത പുടിനും അദ്ദേഹത്തിൻ്റെ രാജ്യവും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
അതേസമയം യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വേദിയില്‍ പുടിന്‍ പരിഹാസ്യനാകുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരെ തികച്ചും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുടിൻ്റെ നടപടി റഷ്യയെ ദുര്‍ബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യും’- യുഎസ് പ്രസിഡന്റ് പറഞ്ഞു.
റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍കൂടി ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. 21-ാം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡന്‍ അറിയിച്ചു. യുക്രൈന്‍ പിടിച്ചെടുക്കുന്നതിനേക്കാള്‍ വലിയ ആഗ്രഹം പുടിനുണ്ട്. സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപിക്കപ്പെടുക എന്നതാണ് പുടിന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിൻ്റെ തീരുമാനങ്ങള്‍ റഷ്യയെ ദുര്‍ബലമാക്കും. കയറ്റുമതി നിയന്ത്രണം അടക്കമുള്ള ഉപരോധങ്ങള്‍ റഷ്യക്ക് ദീര്‍ഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ബൈഡന്‍ പറഞ്ഞു.
















