കീവ്: പഴയ ആണവ പ്ലാന്റ് ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയായ ചെര്‍ണോബിലിൻ്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ യുക്രൈൻ്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. യുക്രൈൻ്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാണ് റഷ്യ പ്രധാനമായും ആക്രമിക്കുന്നത്. ജനവാസ മേഖലകളില്‍ റഷ്യന്‍സേന ആക്രമണം നടത്തുന്നുണ്ടെന്നാണ് യുക്രൈന്‍ പറയുന്നത്. 13 സിവിലിയന്‍സും 9 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെയായി റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈൻ അറിയിച്ചു. യുക്രൈനിലെ 11 വ്യോമ താവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തു. 14 പേരുമായി വന്ന യുക്രൈൻ സൈനിക വിമാനം തലസ്ഥാനമായ കീവിൻ്റെ തെക്ക് ഭാഗത്ത് തകർന്നുവീണു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.