ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി സംസാരിച്ചു. യുക്രൈനുമായി ബന്ധപ്പെട്ട സൈനിക നടപടിയെ കുറിച്ച് പുടിൻ പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് മോദി പുടിനെ ധരിപ്പിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് പുടിന്‍ നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഇടപെടലിലൂടെ വേണം പ്രശ്‌നം പരിഹരിക്കാനെന്നും മോദി ആവശ്യപ്പെട്ടു. യുക്രൈൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
ഇതിനായി യുക്രൈൻ്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്. അതിനിടെ യുക്രൈനിലെ ചെര്‍ണോബിലിലും റഷ്യന്‍ സേനയെത്തി. അവിടത്തെ ആണവ അവശിഷ്ട സമ്പരണ കേന്ദ്രം റഷ്യന്‍ സേന തകര്‍ത്തതായാണ് സൂചന. റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍.
റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈൻ്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു. ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്.