യുക്രെയ്‌നിന് നേരെയുള്ള റഷ്യയുടെ യുദ്ധം തികച്ചും അന്യായവും പ്രകോപനപരവുമാണെന്ന് നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ).ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം റഷ്യയുടെ നേതാക്കൾക്കാണ്. ഈ നീക്കത്തിന് റഷ്യ വളരെ കനത്ത സാമ്പത്തികവും രാഷ്ട്രീയവുമായ വില നൽകേണ്ടി വരുമെന്നും നാറ്റോ വ്യക്തമാക്കി.
‘യുക്രെയ്‌നിന്റെ പ്രാദേശിക അഖണ്ഡതയ്ക്കും പരമാധികാരത്തിനുമുള്ള പിന്തുണ തുടരും. റഷ്യയുടെ സൈനിക നടപടി ഉടനടി അവസാനിപ്പിക്കണം. യുക്രെയ്‌നിൽ നിന്നും പരിസരങ്ങളിൽനിന്നും സേനകളെ പിൻവലിക്കണമെന്നും റഷ്യയോട് ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ പൂർണ്ണമായി മാനിക്കണം. സുരക്ഷിതമായ യാത്രക്ക് സൗകര്യമൊരുക്കണം. ആവശ്യമുള്ള എല്ലാ വ്യക്തികൾക്കും സഹായം ലഭ്യമാക്കാൻ സാഹചര്യമൊരുക്കണം’- നാറ്റോ വ്യക്തമാക്കി