തൃശൂർ: യുക്രെയിനിൽ പതിനെണ്ണായിരത്തോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ വിദേശകാര്യമന്ത്രാലയം മാർഗങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. യുക്രെയിൻ വ്യോമപാത അടച്ചിട്ടതിനാൽ ആ മാർഗം അടഞ്ഞിരിക്കുകയാണ്. ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്യുകയാണ്. ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കും. സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് കേന്ദ്രസർക്കാരിൻറെ ലക്ഷ്യം. അതിനുള്ള അടിയന്തര നടപടികൾ ആസുത്രണം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അവിടെയുള്ള മലയാളി വിദ്യാർഥികളുമായി താൻ നേരിട്ട് സംസാരിച്ചു. കിഴക്കൻ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾ ആശങ്കയിലാണ്. അതേസമയം പടിഞ്ഞാറൻ പ്രദേശത്തുള്ളവർക്ക് അത്ര ആശങ്കയില്ല. കേന്ദ്ര വിദേശകാര്യ മന്ത്രിയും മന്ത്രാലയവും നിരന്തരമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.