കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്, അഞ്ജലി റീമാ ദേവ്, സൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പരാതിക്കാർ തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്ന വാദത്തിലാണ് പ്രതികൾ. കോടതിയിൽ സമാന വാദം തന്നെയായിരിക്കും ഇന്നും മൂവരും ഉന്നയിക്കുക. നേരത്തെ പെൺകുട്ടിയുടെ രഹസ്യ മൊഴി പരിശോധിച്ച ശേഷമായിരിക്കും ഹർജി പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
മാത്രമല്ല മൂന്ന് മാസം കഴിഞ്ഞാണ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ വാദിക്കുന്നു. എന്നാൽ റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാരിൻ്റെ വാദം. 2021 ഒക്ടോബർ 20ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
അതേസമയം കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആൻസി കബീറിന്‍റെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാൻ ശ്രമിച്ചെന്നാണ് ആരോപണം. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമെന്നും ആൻസി കബീറിന്‍റെ ബന്ധു നസിമുദ്ദീൻ പറഞ്ഞു.