കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസുകാരനെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതക ദിവസം ഒന്നാം പ്രതി ലിജേഷുമായി സംസാരിച്ചതിനാണ് നടപടി.
കൃത്യം നടന്ന ദിവസം കേസിലെ പ്രതികളിൽ ഒരാളായ കെ. ലിജേഷ് സുരേഷിനെ വിളിച്ചിരുന്നു. പ്രതികളുടെ ഫോൺ പരിശോധിച്ചതിൽനിന്നുമാണ് ഇക്കാര്യം വ്യക്തമായത്. പുലർച്ചെ ഒന്നിനാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിനെ വിശദമായി പോലീസ് ചോദ്യം ചെയ്യുന്നത്.
അതേസമയം, ആളുമാറി സുരേഷിനെ വിളിച്ചതെന്നാണ് ലിജേഷ് നൽകുന്ന മൊഴി. കേസിൽ ഇന്ന് ഒരാൾ കൂടി പിടിയിലായിരുന്നു. പുന്നോൽ സ്വദേശി നിജിൽദാസ് ആണ് പിടിയിലായത്. നേരത്തെ നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ് അടക്കം നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങിയെത്തിയയുടൻ വീടിനു മുന്നിൽവച്ചാണ് പതിയിരുന്ന അക്രമി സംഘം ഹരിദാസനെ വെട്ടിവീഴ്ത്തിയത്. കടലിൽ പോയി മടങ്ങിയെത്തിയ ഹരിദാസൻ അടുക്കള ഭാഗത്തെത്തി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു പോകുന്നതിനിടെ അക്രമികൾ ചാടി വീഴുകയായിരുന്നു.
രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ വെട്ടി വീഴ്ത്തി. ഹരിദാസിന്റെ ഇടതുകാൽ അറുത്തു വലിച്ച് എറിഞ്ഞു. ശരീരത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു.