ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളിയായ അഭിനന്ദ് രവി.എസ്. 5000 ഫോട്ടോകൾ ഉപയോഗിച്ച് ഫോട്ടോ മൊസൈക്ക് ഒരുക്കിയാണ് അഭിനന്ദ് ലോകറെക്കോര്‍ഡ് നേടിയത്. 3,800 ഫോട്ടോകൾ കൊണ്ട് തുർക്കി സ്വദേശി സ്ഥാപിച്ച റെക്കോർഡ് ആണ് അഭിനന്ദ് മറികടന്നത്.
തുർക്കി സ്വദേശിയുടെ ഫോട്ടോ മൊസൈക് അപ്രതീക്ഷിതമായാണ് ശ്രദ്ധയിൽപ്പെട്ട അഭിനന്ദ് അതിനേക്കാൾ മികച്ച രീതീയിൽ തനിക്ക് ചെയ്യാനാകും എന്ന തോന്നലിലാണ് ഈ ഉദ്യമം ആരംഭിച്ചത്. ഇലയുടെ രൂപത്തിലാണ് അഭിനന്ദ് ഫോട്ടോ മൊസൈക് ഒരുക്കിയത്. വിവിധ സമയത്തായി ഫോണിലും ക്യാമറയിലും പകർത്തിയ ചിത്രങ്ങൾ ഇതിനായി ഉപയോഗിച്ചു.
കോഴിക്കോട് സ്വദേശിയായ അഭിനന്ദ് കുടുംബസമേതം ഡല്‍ഹിയിലാണ് താമസം. അച്ഛൻ രവീന്ദ്രൻ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥനാണ്. അമ്മ ഷൈനി രവീന്ദ്രൻ. ലൗവ്‌ലി പബ്ലിക് സീനിയർ സെക്കന്ററി സ്കൂളില്‍ പ്ലസ്‌ടു വിദ്യാർഥിയായ അഭിനന്ദിന് ഒരു ഡോക്ടർ ആകണമെന്നാണ് ആഗ്രഹം. ഫൊട്ടോഗ്രഫി ഒരു പാഷനായി ഒപ്പം കൊണ്ടു പോകണമെന്നും അഭിനന്ദ് ആഗ്രഹിക്കുന്നു.
ഏഴാം ക്ലാസ് മുതൽ അഭിനന്ദ് ഫൊട്ടോഗ്രഫിയിൽ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം ചിത്രങ്ങൾ എടുക്കും. 2019ൽ ദേശീയ തലത്തിൽ നടത്തിയ ഒരു ഫൊട്ടോഗ്രഫി മത്സരത്തിൽ നാലാം സ്ഥാനത്തെത്തി. ഇത് അഭിനന്ദിന് കൂടുതൽ പ്രചോദനമേകി.