തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ വാഹനം വാങ്ങുന്നതിനായി 85,18,000 രൂപ അനുവദിച്ച് സർക്കർ ഉത്തരവിറക്കി. തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബെൻസ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി. വിവിഐപി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമാനം ഇപ്പോഴാണായത്.
അതേസമയം, താൻ കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണര്‍ ആരീഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു. പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന് ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരുവര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.