തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഞായറാഴ്ച നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുകയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിലെ അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്ക് ഈ ദിനത്തിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുള്ളിമരുന്ന് നൽകുവാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 24,614 ബൂത്തുകളാണ് പ്രവർത്തിക്കുക. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയർമാർക്കും 2,183 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നൽകാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുക.