മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിത വിടവാങ്ങിയിരിക്കുന്നു. ഇന്ത്യൻ സിനിമയിലെ അപൂർവ്വ പ്രതിഭകളിലൊരാളായിരുന്നു കെപിഎസി ലളിത. കാമുകിയും അമ്മയും കുശുമ്പിയായ അയൽക്കാരിയും പെങ്ങളായും കുശുമ്പ് നിറഞ്ഞ നാത്തൂനായും അധ്യാപികയുമൊക്കെയായി മലയാളത്തെ നീണ്ട അഞ്ച് പതിറ്റാണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരി. ഒരു മൂളലിൽ ഒരായിരം വാക്കുകളേക്കാൾ അർഥങ്ങളൊളിപ്പിച്ചുവെച്ച അഭിനയവിസ്മയം. ഒരു മതിലിനപ്പുറത്ത് നിന്ന് സംസാരിക്കുന്ന കാതരയായ കാമുകിയായ നാരായണിയെ മലയാളികൾ മനസ്സിൽ കണ്ടത് ലളിതയുടെ ശബ്ദത്തിലൂടെയായിരുന്നു.
10ാം വയസ്സിലാണ് നാടകത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാള സിനിമ രംഗത്തേക്ക് എത്തിയ കെപിഎസി ലളിത വിവിധ ഭാഷകളിലായി 550ലേറെ സിനിമകളിൽ അഭിനയിച്ചു. കായംകുളം രാമപുരത്തെ സ്കൂളിൽ വെച്ച് ആദ്യമായി നൃത്തവേദിയിൽ കയറിയതു മുതൽ അസുഖബാധിതയായി അഭിനയജീവിതത്തിൽ നിന്ന് മാറിനിന്നത് വരെയുള്ള കാലം ജീവിതം തന്നെ അരങ്ങാക്കുകയായിരുന്നു കെ.പി.എ.സി ലളിത. പത്താം വയസ്സിൽ നൃത്തപഠനം ആരംഭിച്ചാണ് ലളിത കലാരംഗത്ത് ചുവടുവെക്കുന്നത്. അന്ന് മഹേശ്വരിയെന്നായിരുന്നു പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കളായ കടയ്ക്കൽ തറയിൽ അനന്തൻനായരും ഭാർഗവി അമ്മയും ഭജനമിരുന്ന് പിറന്നതിനാലാണത്രേ ഈ പേരിട്ടത്.
വളരെ ചെറുപ്പകാലത്തുതന്നെ നൃത്തത്തിലും നാടകത്തിലും മികവ് പുലർത്തിയ ലളിത ഗീതയുടെ ബലി എന്ന നാടകത്തിലൂടെയാണ് അഭിനയത്തിലെത്തിയത്. പിന്നീട് നാടകസംഘമായ കെപിഎസിയിൽ ചേർന്നു. സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. തോപ്പിൽ ഭാസി ലളിത എന്നു പേരിട്ടതോടെയാണ് മഹേശ്വരി കെ.പി.എ.സി ലളിതയായത്. കെ.പി.എ.സിയിൽ എട്ടുവർഷത്തോളം തുടർച്ചയായി അഭിനയിച്ച ലളിത മലയാള നാടകരംഗത്ത് ശ്രദ്ധേയയാകാൻ അധികകാലം വേണ്ടി വന്നില്ല. തോപ്പിൽഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകം 1969ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിതയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘ഒതേനൻ്റെ മകൻ’, ‘വാഴ്വെ മായം’, ‘ത്രിവേണി’, ‘അനുഭവങ്ങൾ പാളിച്ചകൾ’, ‘ഒരു സുന്ദരിയുടെ കഥ’, ‘സ്വയംവരം’ തുടങ്ങി ഒട്ടനവധി തുടക്കകാല ചിത്രങ്ങൾ.
സഹനായിക വേഷങ്ങളിലാണ് തുടക്കത്തിൽ തിളങ്ങിയത്. ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം എന്നിവ ലളിത അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. അരങ്ങിൽ ഹാസ്യ വേഷങ്ങൾ കൊണ്ട് ചിരിപ്പിച്ചും അമ്മ വേഷങ്ങളിലൂടെ സ്നേഹം കാട്ടിയും, കരയിപ്പിച്ചും, കിട്ടിയ വേഷങ്ങളൊക്കെയും ജീവിച്ചു കാണിക്കുകയായിരുന്നു ലളിത. ഹാസ്യവേഷങ്ങൾ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവ് ലളിതയെ ജനപ്രിയ നടിയാക്കുകയായിരുന്നു. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങളിലും ദാരിദ്ര്യത്തിൻ്റെയും ജീവിത പ്രാരാബ്ധത്തിൻ്റെയും പ്രതീകങ്ങളായ കഥാപാത്രങ്ങളിലും അവർ ജീവിച്ചു.
‘വിയറ്റ്നാം കോളനി’യിലെ പട്ടാളം മാധവി, ‘കോട്ടയം കുഞ്ഞച്ചനി’ലെ ഏലിയാമ്മ, ‘പിടക്കോഴി കൂവൂന്ന നൂറ്റാണ്ടി’ലെ പുരുഷവിരോധിയായ സൂപ്രണ്ട്, ‘ഐസ്ക്രീമി’ലെ എലിസബത്ത്, ‘ഗോഡ്ഫാദറി’ലെ കൊച്ചമ്മിണി, ‘മേഘ’ത്തിലെ ആച്ചയമ്മ, ‘പൈ ബ്രദേഴ്സി’ലെ അല്ലു, ‘സി.ഐ.ഡി ഉണ്ണികൃഷ്ണനി’ലെ അമ്മ, ‘മണിച്ചിത്രത്താഴി’ലെ ഭാസുര, ‘ഇഞ്ചക്കാടൻ മത്തായി’യിലെ ഏലിക്കുട്ടി, ‘കാട്ടുകുതിര’യിലെ കല്യാണി, ‘പൊൻമുട്ടയിടുന്ന താറാവി’ലെ ഭാഗീരഥി, ‘സന്ദേശ’ത്തിലെ ലത, ‘ആദ്യത്തെ കൺമണി’യിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിനിടെ എത്രയെത്ര വേഷങ്ങൾ. ‘വാഴ്വേമായം’ എന്ന ചിത്രത്തിലാണ് ലളിത ആദ്യമായി പാടി അഭിനയിച്ചത്. സ്ത്രീ കഥാപാത്രങ്ങളില്ലാത്ത അടൂരിന്റെ ‘മതിലുകൾ’ എന്ന ചിത്രത്തിൽ രംഗത്തുവരാതെ സംഭാഷണം കൊണ്ടുമാത്രം സജീവമായ നാരായണി എന്ന തടവുകാരിക്ക് ശബ്ദം നൽകിയും ലളിത ശ്രദ്ധ പിടിച്ചുപറ്റി.
ക്യാരക്ടർ റോളുകളിലും നർമവേഷങ്ങളിലും ഒരുപോലെ തിളങ്ങിയ ലളിതക്ക് 1991ൽ ‘അമ’രത്തിലൂടെയും 2000ത്തിൽ ‘ശാന്ത’ത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. 1978ലാണ് പ്രശസ്ത മലയാളചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്യുന്നത്. ശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത ലളിത 1983-ൽ ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് സജീവമായി. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.
ഭരതൻ്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാന വേഷത്തിലെത്തിയിരുന്നു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. പിന്നീട് നിരവധി സിനിമകൾ. മലയാളത്തിൻ്റെ തിരശ്ശീല വിട്ട് തമിഴിലും അരങ്ങ് തെളിയിച്ചു ലളിത. 1998 ൽ ഭരതൻ്റെ മരണത്തെ തുടർന്ന് വീണ്ടും സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്രരംഗത്ത് സജീവമായി. സത്യൻ അന്തിക്കാടിൻ്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നീട് സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവ്. അഭിനേതാവും, സംവിധായകനുമായ സിദ്ധാർത്ഥാണ് മകൻ. മകൾ ശ്രീക്കുട്ടി. ‘കാതലുക്ക് മര്യാദൈ’, മണിരത്നത്തിൻ്റെ ‘അലൈപായുതേ’, ‘കാട്രുവെളിയിടെ’ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ് ചിത്രങ്ങൾ. ഭീഷ്മ പര്വം, മാമനിതൻ, ഒരുത്തി, പാരിസ് പയ്യൻസ്, ഡയറി മിൽക്ക്, പെറ്റമ്മ, ലാസറിൻ്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവിൽ വേഷമിട്ടത്.
ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത കൂടിയാണ് കെ പി എ സി ലളിത. കമ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായതിനാൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില് വടക്കാഞ്ചേരിയില് മത്സരിപ്പിക്കുന്നതിന് സി.പി.എം തീരുമാനിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കി. ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ മഹിള വിഭാഗത്തിൻ്റെ സംസ്ഥാന ജോയൻറ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ‘കഥതുടരും’ എന്നതാണ് ജീവചരിത്രത്തിന് ചെറുകാട് പുരസ്കാരവും ലഭിച്ചു.