കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ഉച്ചയ്ക്ക് 1. 45 നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വാദം കേൾക്കുക. കേസിൽ ഹർജിക്കെതിരായ നടിയുടെ വാദങ്ങളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്.
തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കിയിരുന്നു. തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്‍റെ ആരോപണം.
എന്നാൽ തുടർ അന്വേഷണത്തിന് ദിലീപ് ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനിടെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദിലീപിന്‍റെ അഭിഭാഷകൻ രാമൻപിള്ളയ്ക്ക് ചോദ്യം ചെയ്യലിന് ക്രൈം ബ്രാഞ്ച് കൊടുത്തതിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഇന്ന് പ്രതിഷേധിക്കും. ഉച്ചയ്ക്ക് 1 മണിക്കാണ് ഹൈക്കോടതി മുറ്റത്താണ് പ്രതിഷേധം. അതേസമയം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.