തിരുവനന്തപുരം: 23 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്. 47 ലക്ഷം കുട്ടികളാണ് ഇന്ന് ക്ലാസ് മുറികളിലേക്കും പഴയ കൂട്ടുകാർക്ക് അടുത്തേക്കുമായി തിരികെ എത്തിയത്. യൂണിഫോമും ഹാജരും നിലവിൽ നിർബന്ധമാക്കിയിട്ടില്ല. അധ്യയനം പഴയ പടിയായെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പൂർണ തോതിൽ ക്ലാസുകൾ തുടങ്ങിയത്. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികൾ. സംസ്ഥാനത്തെ ഭൂരിപക്ഷം കുട്ടികളും ഇന്ന് ക്ലാസുകളിലെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.