കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റേത് ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ നടന്ന കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പരിശീലനം ലഭിച്ച ആർ എസ് എസ് ബിജെപി സംഘമാണ് കൊലനടത്തിയത്. ബിജെപി നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രദേശത്തെ 2 പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചു. പിറ്റേദിവസം കൊലപാതകം നടന്നുവെന്നും കോടിയേരി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പലയിടത്തും ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ആലപ്പുഴയിലും തിരുവല്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായി സംഭവങ്ങൾ നടന്നു. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആർഎസ്എസ് -ബിജെപി സംഘം ശ്രമിക്കുന്നത്. ഇതിന് വേണ്ടി ഇവർക്ക് ഒരാഴ്ചത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 3000ത്തിലേറെ പേരാണ് ആ പരിശീലന പരിപാടിയിൽ പങ്കെടുത്തതെന്നും കോടിയേരി ആരോപിക്കുന്നു.