കണ്ണൂർ: ഹരിദാസിന്റേത് ബിജെപി – ആർഎസ്എസ് സംഘം നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. തലശ്ശേരി കൊമ്മൽ വാർഡിലെ ബിജെപി കൗൺസിലർ വിജേഷിന്‍റെ പ്രകോപനപരമായ പ്രസംഗത്തിന് ശേഷമാണ് സംഭവം. സിപിഎം പ്രവർത്തകരെ കൊല്ലുമെന്ന് ബിജെപി കൗൺസിലർ പ്രസംഗിച്ചു. ഒന്നിലധികം സംഘങ്ങൾ ഹരിദാസിനെ ലക്ഷ്യമിട്ട് കാത്തുനിന്നെന്നും എം വി ജയരാജൻ വ്യക്തമാക്കി.
സിപിഎം ഭൂമിയോളമല്ല, പാതാളത്തോളം ക്ഷമിച്ച് നിൽക്കുകയാണ്. കൊലയ്ക്ക് കൊല എന്നത് സിപിഎം നയമല്ലെന്നും എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലർച്ചെ 2 മണിക്കാണ് ഹരിദാസ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. കൊലയ്ക്കു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപണം ഉയർത്തുന്നു.