ലക്നോ: മതമെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വോട്ടുനേടാനുള്ള വെറുമൊരു ഉപകരണം മാത്രമാണെന്ന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ജാതിയും മതവും പറഞ്ഞ് വോട്ടുനേടുന്നവരെ ജനം അകറ്റി നിര്‍ത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയിലെ ജഗത്പുര്‍ പ്രദേശത്തെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
രാജ്യത്തെ സമസ്ത വിഭാഗങ്ങളിലും ഉള്‍പ്പെട്ട ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വവും രാജധര്‍മ്മവും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മറന്നു. ജനസേവനം എന്ന മതത്തേയും മൂല്യത്തേയും ബിജെപി മറന്നു. വന്‍കിട ബിസിനസുകാരുടെ താല്‍പര്യത്തിന് അനുസരിച്ച് മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഗ്യാസിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചുയരുകയാണെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. വിലക്കയറ്റത്തിന് അനുസരിച്ച് വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നില്ല. നിങ്ങളുടെ ഒരു ദിവസത്തെ കൂലി 200 രൂപയാകാം. ഒരു കുപ്പി കടുകെണ്ണയ്ക്ക് 250 രൂപ നല്‍കേണ്ടി വരുന്ന അവസ്ഥ പാവപ്പെട്ടവരെ സംബന്ധിച്ച് ഭീകരമാണെന്നും പ്രിയങ്ക പറഞ്ഞു. തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മൂടി വെക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ മതവികാരത്തെ ഉപയോഗിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.