ലഖ്‌നൗ: കോണ്‍ഗ്രസിനും സമാജ് വാദി പാർട്ടിക്കും ഭീകരവാദത്തോട് മൃദുസമീപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പാര്‍ട്ടികള്‍ ഭീകരവാദത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ഒസാമ ബിന്‍ ലാദനെപ്പോലെയുള്ള ഭീകരവാദികളെ ഇവര്‍ ബഹുമാനത്തോടെ ‘ജി’ ചേർത്താണ് അഭിസംബോധന ചെയ്യാറുള്ളതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അഹമ്മദാബാദ് സ്‌ഫോടന കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഉത്തര്‍ പ്രദേശിലെ ഹര്‍ദോയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദിയുടെ ആരോപണം.
യു.പിയില്‍ ഭീകരാക്രമണങ്ങളില്‍ പങ്കുള്ളവരുടെ കേസുകള്‍ പിന്‍വലിക്കാനാണ് മുമ്ബ് സമാജ്‌വാദി പാര്‍ട്ടി ശ്രമിച്ചത്. 2007-ല്‍ ലക്‌നൗവിലും അയോദ്ധ്യയിലും കോടതി വളപ്പുകളില്‍ സ്‌ഫോടനം നടന്നു. ഈ ആക്രമണങ്ങള്‍ നടത്തിയവരെയെല്ലാം സമാജ്‌വാദി പാര്‍ട്ടി പിന്തുണക്കുകയായിരുന്നുവെന്ന് മോദി പറഞ്ഞു. ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ ഭീകരവാദികളെ ഉന്മൂലനം ചെയ്തതില്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ കരയുകപോലും ചെയ്തു. 2012-ല്‍ താരിഖ് കാസ്മി എന്ന ഭീകരനെതിരായ കേസ് എസ്.പി സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ താരിഖിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചുവെന്നും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്ബോഴാണ് അഹമ്മദാബാദ് സ്‌ഫോടനം നടന്നത്. ആ ദിനം ഒരിക്കലും മറക്കാനാകില്ല. കേസില്‍ വാദം കേള്‍ക്കല്‍ നടക്കുന്നതിനാല്‍ വര്‍ഷങ്ങളായി മിണ്ടാതിരിക്കുകയാണ്. ഇപ്പോള്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചുകഴിഞ്ഞതിനാലാണ് രാജ്യത്തിനുമുമ്ബാകെ വിഷയം വീണ്ടും ഉന്നയിക്കുന്നതെന്നും മോദി വ്യക്തമാക്കി.