ബുലൻദ്ഷാഹർ: ഉത്തർപ്രപദേശിലെ ബുലന്ദ്ഷഹറിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യ നടത്തുന്ന ക്ലിനിക്കിൽ നിന്നും തരപ്പെടുത്തിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഏറെക്കാലമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു.
ഹാപൂറിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന യുവതിയും മെഡിക്കൽ ഷോപ്പ് ഉടമയായ യുവാവും അടുത്ത കാലത്താണ് വിവാഹിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ആരംഭിച്ചതോടെ ബരാൽ ഗ്രാമത്തിലേക്ക് താമസംമാറിയ യുവതി പ്രദേശത്ത് ക്ലിനിക്ക് നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഭർത്താവ് ക്ലിനിക്കിൽ എത്തുകയും ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടെ പ്രതി ബ്ലേഡ് ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് ബുലന്ദ്ഷഹർ എസ്.ഐ സന്തോഷ് കുമാർ സിങ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൃത്യത്തിന് ഉപയോഗിച്ച ബ്ലേഡ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പാൽഘറിൽ മകളുടെ വാട്സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. 48കാരിയായ ലീലാവതി ദേവി പ്രസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ കുടുംബത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
















