മുംബൈ: കർണാടകയിലെ ഹിജാബ് വിലക്കിൽ പ്രതിഷേധമറിയിച്ച് സിനിമാ മേഖല ഉപേക്ഷിച്ച മുൻ യുവ നടി സൈറ വസീം. കർണാടകയിൽ മുസ്ലിം വിദ്യാർത്ഥികൾക്കെതിരെ നടക്കുന്നത് അനീതിയാണെന്നും ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണെന്നും സൈറ വസീം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ലെന്നും ദൈവത്തോടുള്ള കടപ്പാടാണെന്നും സൈറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കൃതജ്ഞതയോടും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ, മതപരമായ പ്രതിബദ്ധതയുടെ പേരിൽ സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന മുഴുവൻ വ്യവസ്ഥിതിയെയും താൻ എതിർക്കുന്നതായും സൈറ വ്യക്തമാക്കി. ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പാരമ്പര്യ സങ്കൽപ്പം വിവരമില്ലാത്ത ഒന്നാണ്. ഇത് പലപ്പോഴും സൗകര്യത്തിന്‍റെയോ അറിവില്ലായ്മയുടെയോ നിർമ്മിതിയാണ്. ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, ഇസ്ലാമിൽ ഒരു കടമയാണ്. അതുപോലെ, ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ അവൾ സ്നേഹിക്കുകയും സ്വയം സമർപ്പിക്കുകയും ചെയ്ത ദൈവം തന്നോട് കൽപിച്ച ഒരു കടമ നിറവേറ്റുകയാണെന്ന് സൈറ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസമോ ഹിജാബോ ഏത് വേണമെന്ന് മുസ്‌ലിം സ്ത്രീകൾ തീരുമാനിക്കണമെന്നത് കടുത്ത അനീതിയാണ്.
പക്ഷപാതപരമായ ഈ സംവിധാനത്തിൽ മുസ്‌ലിം സ്ത്രീകൾ ഭയപ്പാടിലാണ്. നിങ്ങളുടെ അജണ്ടക്ക് വേണ്ടി ഒരു പ്രത്യേക തെരഞ്ഞെടുപ്പ് നടത്താൻ അവരെ നിർബന്ധിക്കുകയും നിങ്ങളുടെ നിർമ്മിതിയുടെ തടവിലായിരിക്കുമ്പോൾ അവരെ വിമർശിക്കുകയും ചെയ്യുകയാണ്. വ്യത്യസ്‌തമായത് തെരഞ്ഞെടുക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാൻ മറ്റൊരു മാർഗവുമില്ല. ആളുകൾ ഈ രീതിയോട് പക്ഷംപിടിച്ച് പ്രവർത്തിക്കേണ്ടി വരുന്നു. ‘ശാക്തീകരണ’ത്തിന്‍റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നത് വെറും മുഖംമൂടിയാണ്. ഇത്തരം പ്രവർത്തനങ്ങൾ മോശമാണെന്നും സങ്കടകരമാണെന്നും സൈറ വസീം തന്‍റെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.