മൂന്നാർ: തമിഴ്‌നാട്ടിൽ നിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് ഒറ്റയാൻ തകർത്തു. തേനിയിൽ നിന്നും പുറപ്പെട്ട ബസ് തോണ്ടി മലയിൽ എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ശനിയാഴ്ച്ച പുലർച്ചെ ഒരു മണിക്ക് തേനിയിൽ നിന്നും പുറപ്പെട്ട ബസ് രണ്ടേകാലിന് തോണ്ടിമലയിൽ എത്തിയപ്പോഴായിരുന്നു സംഭവം.
കാട്ടിൽ നിന്നും റോഡിലേക്ക് കയറിയ ആന ബസ് കടത്തിവിടാതെ കുറുകെ നിന്നു. സാധാരണ ആനകൾ വഴിയിൽ ഉണ്ടാകാറുണ്ടെങ്കിലും ബസുകളെ ആക്രമിക്കാറില്ല. എന്നാൽ ബസിന് മുന്നിൽ എത്തിയ ആന പെട്ടെന്ന് പ്രകോപിതനായതോടെ ബസ് ജീവനക്കാരും അമ്പതോളം യാത്രക്കാരും ഭയന്നു.
ബസിന്റെ മുന്നിലെ ഗ്രില്ലിൽ ആന കൊമ്പ് കൊണ്ട് തട്ടിയതോടെ യാത്രക്കാർ ഉച്ചത്തിൽ നിലവിളിച്ചു. ഇതോടെ ആന കൂടുതൽ അക്രമകാരിയായി. തലയുയർത്തി ഇടത് വശത്തെ ചില്ല് കൊമ്പ് കൊണ്ട് കുത്തിതകർത്തു. അരമണിക്കൂറോളം അവിടെ തന്നെ നിലയുറപ്പിച്ച ആന സ്വയം പിന്തിരിഞ്ഞതോടെയാണ് യാത്ര തുടർന്നത്.