ശ്രീനഗർ: ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ഷോപ്പിയാനിലെ സെയ്നാപൊരയിലാണ് ഭീകരരും സുരക്ഷസേനയും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്.
ഭീകരരെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. രാവിലെ ഒരു ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു.
ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസവും സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഷോപ്പിയാൻ സെക്ടറിൽ സുരക്ഷാ സേനയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബന്ദിപ്പോരയിൽ സുരക്ഷ സേനക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സുരക്ഷ ജോലിക്കിടെയാണ് ആക്രമണം നടന്നത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.