മുംബൈ: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുകയും പൊലീസിനെ അധിക്ഷേപിക്കുകയും ചെയ്ത നടി കാവ്യ ഥാപ്പർ അറസ്റ്റിൽ. കാവ്യ ഥാപ്പറെ ജുഹു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജുഹുവിലെ മാരിയറ്റ് ഹോട്ടലിന് സമീപം പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. നടിയുടെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു.
പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി. കാറിൽ രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഥാപ്പർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ജുഹു പൊലീസ് സ്റ്റേഷനിലെ നിർഭയ സ്ക്വാഡ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.
ഇതിനിടെ കാവ്യ ഥാപ്പർ വനിതാ കോൺസ്റ്റബിളിന്റെ കോളറിൽ പിടിച്ച് ചീത്ത വിളിക്കുകയും അപമാനിക്കുകയുമായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമല്ല. വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അന്ധേരിയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.