ആലപ്പുഴ :സ്പിൽവേയിലെ മണൽ നീക്കൽ തുടരും. ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പൊഴിയിലെ മണൽ നീക്കിയതിനാലാണ് കഴിഞ്ഞ മഴക്കാലത്ത് കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകൾ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടത്. പമ്പ, മണിമല, അച്ചൻ കോവിൽ ആറുകളിലും മണൽ നീക്കം തുടരും. വേമ്പനാട്ടു കായലിലെയും അനുബന്ധ ജലാശയങ്ങളിലെയും വെള്ളം കൊള്ളാനുള്ള ശേഷി വർധിപ്പിക്കാൻ കുളവാഴ, ചെളി, പ്ലാസ്‌റ്റിക് മാലിന്യം എന്നിവ നീക്കും.
കയർ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ 2022–-23 വർഷം പ്ലാന്റുകൾ സ്ഥാപിക്കും. ബൈൻഡർ ലെസ് കയർ ബോർഡ്, നീഡിൽ ഫെൽറ്റ്, കോമ്പോസിറ്റ് ബോർഡ്, അക്വസ്‌റ്റിക് പാനലുകൾ എന്നിവ നിർമിക്കുന്ന പ്ലാന്റുകളാണ് സ്ഥാപിക്കുക.
ആഭ്യന്തര വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനാണ് മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്. പൂർണമായും പരിസ്ഥിതി സൗഹൃദമായാണ് നിർമാണം. ബൈൻഡർ ലെസ് കയർ ബോർഡ് നിർമിക്കുന്ന പ്ലാന്റ് ആലപ്പുഴയിൽ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നെതർലൻഡ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ഈ ബോർഡുകൾ പ്ലൈവുഡിന് പകരമായി ഉപയോഗിക്കാം.