വിജയപുര: നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് കര്‍ണാടകയില്‍ മറ്റൊരു വിവാദം. വിജയപുരയിലെ ഇ എൻ ഡി കോളജിലാണ് സംഭവം. സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. വിദ്യാര്‍ഥിയെ കവാടത്തില്‍ തന്നെ അധ്യാപകര്‍ തടഞ്ഞതോടെ വലിയ പ്രതിഷേധങ്ങളുണ്ടായി. ആചാരത്തിൻ്റെ ഭാഗമായുള്ള കുറി തൊടല്‍ അനുവദിക്കാനാവില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കോളേജില്‍ പ്രവേശിക്കാന്‍ ആദ്യം സിന്ദൂരക്കുറി മായ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയെ അധ്യാപകര്‍ ഗേറ്റിന് സമീപം തടഞ്ഞു. ഹിജാബും കാവി സ്‌കാര്‍ഫും മാത്രമല്ല നെറ്റിയിലെ കുറിയും പ്രശ്‌നമാണെന്ന് അധ്യാപകര്‍ വിദ്യാര്‍ഥിയോട് പറഞ്ഞു. തുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരെ രംഗത്തെത്തി.
സംസ്ഥാനത്തെ ഹിജാബ് വിവാദത്തെ തുടർന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ ഹിജാബ്, കാവി സ്‌കാര്‍ഫുകളുടെ ഉപയോഗത്തിന് സ്‌കൂളുകളിലും കോളേജുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കുറിയിടുന്നത് സംബന്ധിച്ച് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല. ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുകയാണ്. ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, നെറ്റിയിലെ കുറി, വളകള്‍, സിഖുകാര്‍ ധരിക്കുന്ന തലപ്പാവ്, രുദ്രാക്ഷം എന്നിവയെപ്പോലെ ഹിജാബ് നിഷ്‌കളങ്കമായ ഒരു മതാചാരമാണെന്ന് പെണ്‍കുട്ടികളുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു.