കൊല്ലം: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും മൊബൈൽ ബാങ്കിംഗ് വഴി 8.16 ലക്ഷം കൈക്കലാക്കിയ സംഘത്തെ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. എറണാകുളം കരിമല്ലൂർ തടിക്കകടവ് ജുമാ മസ്ജിദിന് സമീപം വെളിയത്ത് നാട് വെസ്റ്റ് കുട്ടുങ്ങപറമ്പിൽ ഹൗസിൽ ഇബ്രാഹീം (34), എറണാകുളം മൂവാറ്റുപുഴ മുളവൂർ വി.എം വട്ടക്കാട്ട് കുടിയിൽ ഹൗസിൽ മൊയ്തീൻഷാ (32), എറണാകുളം പെരുമ്പാവൂർ റയോൺപുരം കാഞ്ഞിരക്കാട് പുതുക്കാടൻ വീട്ടിൽ ഷാമോൻ (ഷാമൽ-31) എന്നിവരാണ് പിടിയിലായത്. ഇതിൽ ഇബ്രാഹിം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കൊല്ലം തിരുമുല്ലവാരം സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത്. ബാങ്കിൽ അക്കൗണ്ട് തുറന്ന കാലയളവിൽ ഇവർ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ദീർഘകാലം മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതിനെ തുടർന്ന് മൊബൈൽ കമ്പനി സിം മരവിപ്പിച്ചിരുന്നു. തുടർന്ന് കാലാവധി കഴിഞ്ഞ സിം കാർഡ് എറണാകുളം പെരുമ്പാവൂരിൽ കമ്പനി വിതരണം ചെയ്തു. ഈ സിംകാർഡ് ലഭിച്ച സംഘമാണ് തട്ടിപ്പ് നടത്തിയത്.