കൊല്ലം :നാടൻ തോട്ടണ്ടി സംഭരണ നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ തോട്ടണ്ടിയുടെ വില നിർണയിക്കും. ഇതിനായി വിലനിർണയ കമ്മിറ്റി യോഗം ചേരും. തോട്ടണ്ടി സംഭരണവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന കാപ്പക്സ്, കശുവണ്ടി വികസന കോർപറേഷൻ, കാഷ്യൂ ബോർഡ് അധികൃതരുടെ യോഗത്തിലാണ് തീരുമാനം.
കാപ്പക്സിനും കശുവണ്ടി വികസന കോർപറേഷനും ആവശ്യമായ തോട്ടണ്ടി സംഭരിക്കുന്നതിന് തുടർ നടപടി സ്വീകരിക്കും. സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകും. ഇതിന്റെ ഭാഗമായി സംഭരണ സംവിധാനത്തിന്റെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് രണ്ടാഴ്ചയിലൊരിക്കൽ കാഷ്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും.
കശുമാവ് കൃഷിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളുമായി ചർച്ച നടത്തി അടിയന്തരമായി തോട്ടണ്ടി സംഭരിക്കുന്നതിന് നിർദേശം നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
തോട്ടണ്ടി സംഭരണവുമായി ബന്ധപ്പെട്ട് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പണം നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പ്രത്യേക സംവിധാനം തുടങ്ങുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. സഹകരണ സംഘങ്ങളുമായുള്ള ഏകോപനം സുഗമമാക്കുന്നതിന് സഹകരണ സെക്രട്ടറിയുമായി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തും.