മലപ്പുറം: വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് (Cannabis) വിൽപ്പന നടത്തിവന്ന രണ്ട് പേരെ വണ്ടൂർ പൊലീസ് (Police) അറസ്റ്റ് (Arrest) ചെയ്തു. തിരുവാലി എറിയാട് സ്വദേശി താഴത്തേവീട്ടിൽ ഷിബിൽ (25), കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങൽ ഷബീർ എന്ന കുട്ടിമാൻ (36) എന്നിവരാണ് അറസ്റ്റിലായത്. മണലിമ്മൽപ്പാടം ബസ് സ്റ്റാൻഡിന് പിറക് വശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്.
225 ഗ്രാം കഞ്ചാവും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ഇരുവരേയും കണ്ട് സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് രണ്ടാളുടേയും വസ്ത്രത്തിൽ നിന്ന് ഓരോ ചെറിയ കഞ്ചാവ് പൊതികൾ വീതം കണ്ടെടുത്തത്. തുടർന്ന് ഇവരുടെ ബൈക്കിൽ ഒളിപ്പിച്ച നിലയിൽ വലിയ കഞ്ചാവ് പൊതിയും കണ്ടെത്തി.
പിടിയിലായ യുവാക്കൾ ചില്ലറ വിൽപ്പനക്കാരാണെന്ന് പൊലീസ് പറഞ്ഞു. മുമ്പും സമാന കേസിൽ ഇരുവരും പിടിയിലായിട്ടുണ്ട്. ഇൻസ്പെക്ടർ ഇ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ. കെ സത്യൻ, സി പി ഒമാരായ ഇ പി ജയേഷ്, സായ് ടി ബാലൻ, വി സ്വദഖത്തുല്ല എന്നിവരാണ് പ്രതികളെ പിടികൂടിയത്.