അബുദാബി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ടേം ടു പരീക്ഷയ്ക്കായി ഗൾഫിലെ സ്കൂളുകൾ ഒരുങ്ങി. ഈ മാസം 21 മുതൽ മോഡൽ പരീക്ഷകൾ ആരംഭിക്കും. ബോർഡ് പരീക്ഷ ഏപ്രിൽ 26ലേക്കു നീട്ടിയതിനാൽ 2 മോഡൽ പരീക്ഷകൾ (പ്രീ ബോർഡ്) നടത്തിയാണ് ഗൾഫിലെ സ്കൂളുകൾ വിദ്യാർഥികളെ സജ്ജരാക്കുന്നത്.
ഒന്നിലധികം ഉത്തരങ്ങൾ നൽകിയുള്ള കഴിഞ്ഞ വർഷത്തെ പരീക്ഷയിൽനിന്ന് മാറി ഇത്തവണ ചോദ്യങ്ങൾക്ക് വിശദമായി ഉത്തരം എഴുതുന്ന ഡിസ്ക്രിപ്റ്റീവ് രീതിയാണ്. ഈ മാതൃകയിൽ ചോദ്യങ്ങൾ തയാറാക്കി മോഡൽ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങൾ സ്കൂളുകൾ പൂർത്തിയാക്കി. പരീക്ഷാ ഭാരം ലഘൂകരിക്കാൻ ടേം വൺ, ടേം ടു എന്നീ 2 തവണകളാക്കി ബോർഡ് പരീക്ഷ പരിഷ്കരിച്ചിരുന്നു.
പകുതി പാഠഭാഗങ്ങൾ പഠിപ്പിച്ച ശേഷം ഒക്ടോബറിൽ ടേം വൺ പരീക്ഷ നടത്തി. ഇതിന്റെ ഫലപ്രഖ്യാപനം വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് പ്രിൻസിപ്പൽമാർ അറിയിച്ചു. 2 പരീക്ഷകളുടെയും മാർക്ക് ചേർത്ത് ജയപരാജയം തീരുമാനിക്കും. കോവിഡ് വെല്ലുവിളിക്കിടയിലും ഓൺലൈനിലും ഓഫ് ലൈനിലുമായി ഗൾഫിലെ സ്കൂളുകൾ ജനുവരി 31ന് തന്നെ പാഠഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു.
ഈ മാസം ആദ്യം മുതൽ റിവിഷനും ടെസ്റ്റുകളും നടത്തുകയാണ്. ഇതു പൂർത്തിയാക്കിയാണ് പ്രീ ബോർഡ് പരീക്ഷകൾ നടത്തുന്നത്. ഇതേസമയം പരീക്ഷ ഏപ്രിലിലേക്കു നീട്ടിയത് ഗൾഫ് സ്കൂളുകളിലെ പ്ലസ് വൺ ക്ലാസുകളെ ബാധിക്കും. സാധാരണ ഗതിയിൽ മാർച്ചിൽ പരീക്ഷ കഴിഞ്ഞ് ഏപ്രിലിൽ ഗൾഫിലെ സ്കൂളുകളിൽ അധ്യയനം ആരംഭിക്കുകയാണ് പതിവ്. 10ാം ക്ലാസിലെ ഫലപ്രഖ്യാപനത്തിനു കാത്തുനിൽക്കാതെ മോഡൽ പരീക്ഷയ്ക്കു ലഭിച്ച മാർക്കും കുട്ടികളുടെ അഭിരുചിയും അടിസ്ഥാനമാക്കി ഗ്രൂപ്പ് നിശ്ചയിച്ചാണ് ക്ലാസുകൾ തുടങ്ങുക.