ജിദ്ദ: സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ സൗദി അറേബ്യയിലെ ആദ്യ വാർത്ത റേഡിയോസ്റ്റേഷൻ റിയാദിൽ ആരംഭിച്ചു. ഫെബ്രുവരി 13ന് ലോക റേഡിയോ ദിനത്തോടനുബന്ധിച്ചാണിത്. അൽഅഖ്ബാരിയ ടെലിവിഷൻ ചാനലിന്റെ ശാഖയാണ് പുതിയ റേഡിയോ സ്റ്റേഷൻ. പ്രാദേശിക ഉള്ളടക്കത്തിലും പ്രത്യേക പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ചുവടുവെപ്പായാണ് ഇങ്ങനെയൊരു സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. എല്ലാ പ്ലാറ്റ്ഫോമുകളിലും വാർത്തകൾ വിതരണം ചെയ്യുന്നതിനും സമൂഹത്തിലെ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള അതോറിറ്റിയുടെ തന്ത്രത്തിന്റെ ചട്ടക്കൂടിലാണ് റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നതെന്ന് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിൻ ഫഹദ് അൽഹാരിതി പറഞ്ഞു. എല്ലാതലങ്ങളിലും രാജ്യം സാക്ഷ്യംവഹിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് അനുസൃതമായാണ് റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള താൽപര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയമായും സ്പോർട്സ്പരമായും സാമ്പത്തികപരവുമായും പുതിയ വിവരങ്ങൾക്കായി തിരയുന്നവരുടെ ആഗ്രഹം തൃപ്തിപ്പെടുത്തേണ്ടത് അടിയന്തര ആവശ്യമായി കാണുന്നു. പ്രാരംഭ പ്രക്ഷേപണം റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായിരിക്കും. എഫ്.എം തരംഗത്തിലൂടെ റിയാദ് ഫ്രീക്വൻസി 93.00 ഉം ജിദ്ദ ഫ്രീക്വൻസി 107.7 ഉം ദമ്മാം 99.00 ഉം ആയിരിക്കും. വിവിധ സമയങ്ങളിലായി വാർത്തകൾ അവതരിപ്പിക്കുമെന്ന് അൽഅഖ്ബാരിയ ചാനൽ വ്യക്തമാക്കി. ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തരവുമായ അന്താരാഷ്ട്ര സംഭവങ്ങൾക്കുപുറമേ, അപ്ഡേറ്റ് ചെയ്ത ന്യൂസ് ബ്രീഫുകളും സമൂഹത്തിന് താൽപര്യമുള്ള എല്ലാ വിഷയങ്ങളും ഉൾക്കൊള്ളുന്ന വാർത്തകളുണ്ടാകുമെന്നും പറഞ്ഞു