റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) സിംഹത്തിന്റെ ആക്രമണത്തിൽ (lioness attack) വിദേശി മരിച്ചു. ബുറൈദയിലെ അസീലാൻ വൈൽഡ് ലൈഫ് പാർക്കിലാണ് (Osaylan Wildlife Park) സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് പെൺസിംഹത്തിന്റെ ആക്രമണത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടം സംബന്ധിച്ച് സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (National Center for Wildlife) പ്രസ്‍താവന പുറത്തിറക്കി.
കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ അപ്രതീക്ഷിതമായി സിംഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തത്. വിവരമറിയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ജീവനക്കാരനെ കൂട്ടിൽ നിന്ന് പുറത്തെടുത്തത്. എന്നാൽ ഗുരുതരമായി പരിക്കേറ്റിരുന്ന ഇയാൾ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് അധികൃതർ ഇടപെട്ട് സ്വകാര്യ പാർക്കിലെ വന്യജീവികളെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.