അടിമാലി: താലൂക്ക് ആശുപത്രിയിൽ മലിനജ ല സംസ്കരണ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നു. സംസ്ഥാന ശുചിത്വമിഷനിൽനിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടക്കുന്നത്. താലൂക്ക് ആശുപത്രി വളപ്പിൽ മോർച്ചറിക്ക് സമീപത്തായാണ് പ്ലാന്റ് നിർമിക്കുന്നത്.
സെപ്റ്റേജ് വേസ്റ്റ് വാട്ടർ ഒഴികെ ആശുപത്രിയിലെ മലിനജലം പൂർണമായി മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിക്കുന്ന നിലവാരത്തിലേക്ക് ശുദ്ധീകരിച്ച് മാറ്റാൻ പുതിയ പ്ലാന്റിലൂടെ സാധിക്കും. ഈ ജലം സോക് പിറ്റിൽ സംഭരിക്കുകയും ചെടികൾ നനക്കുന്നതിനടക്കം ഉപയോഗിക്കുകയും ചെയ്യാം.
പ്ലാൻറ് പൂർത്തിയാകുന്നതോടെ ആശുപത്രിയിലെ മലിനജലവുമായി ബന്ധപ്പെട്ട് നാളുകളായി നിലനിന്ന പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ പറഞ്ഞു. ശുചിത്വമിഷൻ അംഗീകരിച്ച ഏജൻസി വഴിയാണ് പ്ലാന്റിന്റെ രൂപകൽപന. ചെന്നൈ ആസ്ഥാനമായ ഏജൻസിക്കാണ് നിർമാണച്ചുമതല. നിർമാണം പൂർത്തീകരിച്ച് പൂർണപ്രവർത്തനക്ഷമതയോടെ കൈമാറാൻ ആറുമാസമാണ് നിർമാണച്ചുമതലയുള്ള ഏജൻസിക്ക് നൽകിയിട്ടുള്ളത്.