ജിദ്ദ: സൗദിയിൽ നിയമ ലംഘകരായി പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് എയർ സുവിധ രജിസ്ട്രേഷനും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇത്തരക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് റിസൽറ്റ് മാത്രം മതിയാകും. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ യാത്രാനിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇളവ് ലഭ്യമാക്കിയത്. ഇന്ത്യൻ എംബസിയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇന്ത്യയിൽ പ്രാബല്യത്തിലായ കേന്ദ്ര കോവിഡ് യാത്രാനയം അനുസരിച്ച് വിദേശത്തുനിന്ന് നാട്ടിലേക്ക് പോകുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് എയർസുവിധയിൽ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. എങ്കിൽ മാത്രമേ വിമാന കമ്പനികൾ ബോർഡിങ് പാസ് അനുവദിക്കുകയുള്ളൂ. ഈ നിബന്ധന സൗദിയിൽ നിയമലംഘകരായി പിടികൂടിയ തടവുകാർക്കും ബാധകമാണെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതിനെ തുടർന്ന് നാട് കടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന യാത്രക്കാരുടെ മടക്കം പ്രതിസന്ധിയിലുമായിരുന്നു. എന്നാൽ എംബസിയുടെ പുതിയ നിർദേശപ്രകാരം ഇത്തരക്കാർക്ക് വാക്സിൻ സർട്ടിഫിക്കറ്റും എയർസുവിധ രജിസ്ട്രേഷനും ആവശ്യമില്ല. പകരം നെഗറ്റിവ് ആർ.ടി.പി.സി.ആർ ഫലം ഉണ്ടായാൽ മതി.