അബൂദബി: സാമ്പത്തിക തട്ടിപ്പിലെ ഇരകൾക്ക് 180 ലക്ഷം ദിർഹം (36 കോടി രൂപ) തിരിച്ചുനൽകി അബൂദബി പൊലീസ്. ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി വ്യാപകമായി നടന്ന തട്ടിപ്പിൻറെ ഇരകൾക്കാണ് ഇത്രയും തുക പൊലീസ് തിരികെ നൽകിയത്. ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ ഇരകൾക്കാണ് അബൂദബി പൊലീസ് 180 ലക്ഷം ദിർഹം തിരികെ നൽകിയത്. അബൂദബി പൊലീസിൻറെ ക്രിമിനൽ സെക്യൂരിറ്റി സെൻററിൻറെ നേതൃത്വത്തിലായിരുന്നു നടപടി. ഇത്തരം കേസുകളിൽ പരാതി സ്വീകരിക്കുന്ന കേന്ദ്രമാണ് ക്രിമിനൽ സെക്യൂരിറ്റി സെൻറർ. വ്യക്തികൾ മുതൽ യു.എ.ഇയിലെ ചില പ്രാദേശിക ബാങ്കുകൾവരെ തട്ടിപ്പിൻറെ ഇരകളിൽ ഉൾപ്പെടുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫോണിൽ വിളിക്കുന്നവർക്ക് ഒ.ടി.പി നമ്പറുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പാസ്വേഡുകൾ, എമിറേറ്റ്സ് ഐഡി തുടങ്ങിയ വിവരങ്ങൾ കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വിവിധ ഭാഷകളിൽ തട്ടിപ്പുകൾക്കെതിരെ പൊലീസിൻറെ ബോധവത്കരണവും തുടരുകയാണ്.