കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിരക്ക് 85 ശതമാനമായി. ലോകത്തിലെ തന്നെ ഉയർന്ന നിരക്കുകളിലൊന്നാണിതെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഇൗദ് പറഞ്ഞു. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നതിൽ ഉയർന്ന വാക്സിനേഷൻ നിരക്ക് നിർണായക പങ്കുവഹിച്ചതായി മന്ത്രി വ്യക്തമാക്കി. 35 ലക്ഷത്തോളം പേർ രണ്ട് ഡോസ് വാക്സിൻ എടുത്തു. ബൂസ്റ്റർ ഡോസ് ഉൾപ്പെടെ 80 ലക്ഷം ഡോസാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. 40 വയസ്സിനു മുകളിലുള്ളവർക്ക് അപ്പോയിൻമെൻറ് ഇല്ലാതെ നേരിെട്ടത്തിയാലും ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. ഇനിയും വാക്സിനേഷന് രജിസ്റ്റർ ചെയ്യാത്തവരും രജിസ്റ്റർ ചെയ്ത് കുത്തിവെപ്പ് എടുക്കാത്തവരും എത്രയും വേഗം മുന്നോട്ടുവരണമെന്ന് അധികൃതർ അഭ്യർഥിച്ചു.