ഗുരുവായൂർ : ഉത്സവത്തിന്റെ ദേശപ്പകർച്ചയ്ക്ക് പകരമായുള്ള ഭക്ഷ്യകിറ്റുകൾ വാങ്ങാൻ ദേശക്കാരുടെ തിരക്കേറി. കിറ്റുകൾ നൽകുന്ന പൂന്താനം ഹാളിൽ ചൊവ്വാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ തിരക്ക് നിയന്ത്രിക്കാനായില്ല. ഒടുവിൽ റേഷൻ കാർഡ് കൊണ്ടുവന്നവർക്കുമാത്രമേ കിറ്റുകൾ നൽകേണ്ടതുള്ളൂവെന്ന് തീരുമാനിക്കേണ്ടി വന്നു.
ആദ്യദിനത്തിൽ ആയിരത്തിയഞ്ഞൂറോളം പേർക്ക് കിറ്റുകൾ നൽകി. കൂപ്പൺ പ്രകാരമാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇതുവരെ 16,000 കൂപ്പണുകളാണ് നൽകിയിട്ടുള്ളത്.
ഇതുപ്രകാരമുള്ള കിറ്റുകൾ നൽകിയശേഷമേ അടുത്ത ഘട്ടമായി കൂപ്പണുകൾ നൽകൂ. മൊത്തം 30,000 കിറ്റുകളാണ് നൽകുന്നത്. പൂന്താനം ഹാളിൽ നടന്ന ചടങ്ങിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യകിറ്റ് നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസിന് കൈമാറി. ദേവസ്വം ഭരണസമിതിയംഗം കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ചുമതലയുള്ള എ.കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.