ദുബായ്: പ്ലാസ്റ്റിക് വെള്ളക്കുപ്പിക്ക് പകരം റീഫിൽ ചെയ്യാവുന്നവ ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ദുബായ് കാൻ’ സംരംഭം കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ദുബായിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.
‘ചെറിയ മാറ്റം, വലിയ ഫലം’ എന്ന പ്രമേയത്തിൽ ഒരുക്കിയ ദുബായ് കാൻ സംരംഭം ജനങ്ങളെ എമിറേറ്റിലുടനീളം സൗജന്യവും സുരക്ഷിതവുമായ വാട്ടർ സ്റ്റേഷനുകളിൽ നിന്ന് കുടിവെള്ളം നിറയ്ക്കാൻ പ്രോത്സാഹിപ്പിക്കും. പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദുബായുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതർ പറഞ്ഞു.
www.dubaican.com-ൽ ദുബായുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ ഒന്നു മുതൽ 25 ഫിൽ ചാർജ് ഈടാക്കുമെന്ന ദുബായ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.