ജിദ്ദ: കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഒന്നിന് പിറകെ ഒന്നായി സൗദിയിലെ പ്രവാസികളുടെ യാത്രാ നടപടികളിൽ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് അറുതിയായില്ല. ഏറ്റവും അവസാനമായി വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാത്തതിന്റെ പേരിലാണ് ഇപ്പോൾ നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികളിൽ ചിലരുടെ യാത്ര മുടങ്ങുന്നത്.
കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ട ശേഷം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അത്തരക്കാരുടെ യാത്ര വിമാനകമ്പനികൾ തടയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങിനെയുള്ള നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്.
സൗദിയിൽ വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽന ആപ്പിൽ അവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് ഫെബ്രുവരി ഒന്ന് മുതൽ നഷ്ടപ്പെടുമെന്നും അവർക്ക് സൗദിക്കകത്ത് വിമാനയാത്ര നടത്താനോ മാളുകളിലും ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പ്രവേശിക്കാനോ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.