ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും അദ്ദേഹത്തിന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്ത സംഭവത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരേ മഹാരാഷ്ട്ര പോലിസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് മഹാരാഷ്ട്ര പോലിസിനു നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
രാഷ്ട്രീയ സംവാദത്തെ തരംതാഴ്ത്തിയതിനെതിരേ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും രംഗത്തുവന്നു. ഹിമന്തയെ തല്‍സ്ഥാനത്തുനിന്ന് എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഹിമാന്ത ബിശ്വ ശര്‍മ്മ നടത്തിയ പരമാര്‍ശങ്ങളാണ് വലിയ വിവാദമായിരിക്കുന്നത്. രാഹുല്‍ ആധുനിക ജിന്നയാണെന്നും, രാജീവ് ഗാന്ധിയുടെ മകനാണോയെന്നതില്‍ ആരെങ്കിലും തെളിവ് ചോദിക്കുന്നുണ്ടോയെന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന.
ബാലാകോട്ടിലടക്കം സൈന്യം നടത്തിയ തിരിച്ചടിക്ക് എന്ത് തെളിവാണുള്ളതെന്ന രാഹുലിന്‍റെ ചോദ്യമാണ് ഹിമാന്തയെ ചൊടിപ്പിച്ചത്. ”നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകനാണോയെന്ന് എപ്പോഴെങ്കിലും ഞങ്ങള്‍ ചോദിച്ചിട്ടുണ്ടോ ? ഒരു ആക്രമണം നടത്തിയെന്ന് സൈന്യം പറഞ്ഞാല്‍ അതില്‍ സംശയിക്കേണ്ട ആവശ്യമില്ല. മുഹമ്മദാലി ജിന്നയുടെ ഭാഷയാണ് രാഹുല്‍ ഉപോയഗിക്കുന്നതെന്നും” ഹിമാന്ത ആഞ്ഞടിച്ചു. പ്രസ്താവനയെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ് ഹിമാന്തക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതികരിച്ചു.
















