മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യ സഖ്യം. ഇതിന്റെ ഭാഗമായി സഖ്യത്തിലെ മുഴുവൻ എംപിമാരോടും പ്രധാന നേതാക്കളോടും ഉടൻ ഡൽഹിയിൽ എത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദ്ദേശം നൽകി.
ഈ മാസം 30, 31, നവംബർ 1 തീയതികളിൽ ഡൽഹിയിൽ തുടരാനാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഒക്ടോബർ 30-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ മോക് ഇംപീച്ച്മെന്റും, നവംബർ ഒന്നിന് രാം ലീല മൈതാനിയിൽ വൻ റാലിയും സംഘടിപ്പിക്കാനാണ് തീരുമാനം.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഡൽഹിയിൽ സിപിഐ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. തുടർച്ചയായ പ്രതിഷേധങ്ങളെ തുടർന്ന് 273 കമ്പനി കേന്ദ്രസേനയുടെ വിന്യാസം ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്.
ഇതിനോടകം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ആകെ 57 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബർ 1-ലെ മഹാ റാലി ദീപാവലി കച്ചവടത്തെ ബാധിക്കുമെന്നതിനാൽ ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് വ്യാപാര സംഘടനകൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുമുണ്ട്.















