കർണാടകയിലെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ തനിക്ക് നേരെ ജയ് ശ്രീറാം വിളികളുമായി ആക്രോശിച്ച് എത്തിയ സംഘ്പരിവാറുകാർക്കെതിരെ അല്ലാഹു അക്ബർ വിളികളുമായി പ്രതിരോധിച്ച കർണാടകയിലെ മാണ്ഡ്യയിലെ പിഇഎസ് കോളേജ് വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ ചൊല്ലിയുള്ള വ്യാജ പരാമർശങ്ങൾ തുടരുകയാണ്. നേരത്തെ മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ പങ്കുവെച്ച് മുസ്കാനെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണം തീവ്ര ഹിന്ദു ഗ്രൂപ്പുകൾ നടത്തിയിരുന്നു.
ഇപ്പോഴിതാ മുസ്കാനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ചേർത്ത് പുതിയ വ്യാജ പ്രചാരണം നടക്കുകയാണ്. ഒരു സ്ത്രീ കോൺഗ്രസ് പാർട്ടി ഷാൾ ധരിച്ച് രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പോസ് ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടുന്നുണ്ട്. തല മറക്കാത്ത ഒരു പെൺകുട്ടിയുടെ ഫോട്ടോയാണ് മുസ്‌കാൻ ആണെന്ന പേരിൽ പ്രചരിക്കുന്നത്.
ഫോട്ടോയിൽ പ്രധാനമായും ലക്ഷ്യം വെക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. മുസ്കാന് പിന്നിൽ രാഹുൽ ഗാന്ധിയാണെന്നാണ് ആരോപണം. “കർണ്ണാടകയിലെ ഹിജാബ് പെൺകുട്ടി രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുണ്ട്, അവൻ പപ്പുവോ അതോ ഗൂഢാലോചനക്കാരനോ” എന്ന തലക്കെട്ടോടെയാണ് വൈറലായ ഫോട്ടോ ഷെയർ ചെയ്യുന്നത്.
2022 ജനുവരി 8 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികൾക്കെതിരെ വിദ്യാർത്ഥികൾ കാവി ഷാളുമായി പ്രതിഷേധിച്ചപ്പോൾ കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദം സംസ്ഥാനത്ത് അക്രമത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. മുസ്‌കാൻ ഖാന്റെ പ്രതിരോധത്തോടെ തീവ്ര ഹിന്ദു വിഭാഗം പതറിപ്പോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വ്യാപക സൈബർ ആക്രമണം.
ഫാക്ട് ചെക്ക്
രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന വൈറലായ ഫോട്ടോയിലെ സ്ത്രീ ജാർഖണ്ഡിലെ ബർകഗാവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അംബാ പ്രസാദാണ്. ഫോട്ടോയിലെ സ്ത്രീ മുസ്‌കാൻ ഖാൻ ആണെന്ന് തെറ്റായി സൂചന നൽകിയ ഒരു ട്വീറ്റ് ഉദ്ധരിച്ച് അംബാ പ്രസാദ്, വൈറലായ ഫോട്ടോയിലെ സ്ത്രീ താനാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് വന്നിരുന്നു.
यह मैं हूं।@INCIndia पार्टी से बड़कागांव की विधायक।
इस फोटो को कर्नाटक की बुर्का वाली लड़की कहकर कलह फैलाने की कोशिश की जा रही तो बता दूं हमारी पार्टी में सबको सम्मान और अधिकार है।भगवा वस्त्र हो या हिजाब।@JharkhandPolice कृपया ऐसे ट्वीट पर फेक कमेंट वालों पर कार्रवाई करें। https://t.co/vU1CnnLBMn
— Amba Prasad (@AmbaPrasadINC) February 10, 2022
“ഇത് ഞാനാണ്, കോൺഗ്രസ് പാർട്ടിയിലെ ബർകഗാവ് എംഎൽഎ. ഈ ഫോട്ടോയെ കർണാടകയിലെ ബുർഖക്കാരി എന്ന് വിളിച്ച് ഭിന്നത പരത്താനുള്ള ശ്രമമാണ് നടക്കുന്നത്, അതിനാൽ ഞങ്ങളുടെ പാർട്ടിയിൽ ഞങ്ങൾ എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നുവെന്ന് ഞാൻ നിങ്ങളോട് പറയട്ടെ.” – അംബാ പ്രസാദ് പറയുന്നു.
ചുരുക്കത്തിൽ, ജാർഖണ്ഡിലെ ബർകഗാവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും രാഹുൽ ഗാന്ധിയും കൂടി നിൽക്കുന്ന ഒരു ഫോട്ടോയാണ് തെറ്റായി പ്രചരിപ്പിച്ചത്. ആ ഫോട്ടോയിൽ ഉള്ളത് മുസ്‌കാൻ ഖാൻ അല്ല. മുസ്‌കാൻ ഖാന്റെ പ്രതിഷേധം സ്വാഭാവികമാണ്. അതിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ ഗൂഢാലോചനയും ഇല്ല.