ന്യൂഡൽഹി: മോദിയുടെ ഫാസിസം ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ചെറുത്ത് തോല്പിക്കാന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് സാഹിത്യകാരി അരുന്ധതി റോയ് പറഞ്ഞു. രാജ്യത്തെ സാഹചര്യം നിലവിൽ നിരാശാജനകമാണെന്നും എന്നാൽ ഇന്ത്യൻ ജനത അതിനെ തരണം ചെയ്യുമെന്നു തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും അരുന്ധതി കൂട്ടിച്ചേർത്തു.
ബിസ്ലേരി കുപ്പിയില്‍ സമുദ്രത്തെ ഞെരുക്കുന്നതു പോലെയാണ് രാജ്യത്തെ ഹിന്ദുത്വ ദേശീയത. ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ചെറുകഷ്ണങ്ങളാക്കി വിഭജിക്കാന്‍ കഴിയും. പക്ഷേ ഇന്ത്യന്‍ ജനത നരേന്ദമോദിയുടെയും ബിജെപിയുടെയും ഫാസിസത്തെ ചെറുത്ത് നില്‍ക്കുമെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. ‘ദ വയറി’ന് നല്കിയ അഭിമുഖത്തിലാണ് അരുന്ധതി റോയിയുടെ പ്രതികണം.
ഇന്ത്യന്‍ ജനതയില്‍ തനിക്ക് വിശ്വാസമുണ്ട്. ഇപ്പോള്‍ രാജ്യം അകപ്പെട്ടിരിക്കുന്ന ഇരുണ്ട തുരങ്കത്തില്‍ നിന്നും ഇന്ത്യ പുറത്തു വരുമെന്നും അതിൻ്റെ സൂചനകള്‍ കാണുന്നുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു. കരണ്‍ താപ്പറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എഴുത്തുകാരി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ ആള്‍ക്കൂട്ട ആക്രമണ രാഷ്ട്രമായി മാറി. മുസ്ലീം- ദളിത് വിഭാഗങ്ങളെ പട്ടാപ്പകലും ഹിന്ദുത്വ സംഘങ്ങള്‍ അടിച്ചു കൊല്ലുന്നു. അതിൻ്റെ വീഡിയോ സന്തോഷത്തോടെ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്നു. ഫാസിസം നമ്മളിലേക്ക് ഉറ്റുനോക്കുമ്പോഴും അതിനെ അതിൻ്റെ പേരെടുത്ത് പറയാന്‍ നമ്മള് മടിക്കുകയാണെന്നും അരുന്ധതി പറഞ്ഞു.