ഹൈദരാബാദ്: വാലന്റൈൻ ദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി ബജ്റംഗ്ദള്‍. ഹൈദരാബാദില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഫെബ്രുവരി 14 അമര്‍ ജവാന് ദിനമായി ആചരിക്കണമെന്നും ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വാലന്റൈൻ ദിന ആശംസാ കാര്‍ഡുകളും വാലന്റൈൻ കോലങ്ങളും കത്തിച്ചാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ഇന്ന് ഈ കാണുന്നത് പ്രണയ ദിനമല്ലെന്നാണ് ഇക്കൂട്ടരുടെ വാദം. രാജ്യത്ത് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ്. ഇന്ത്യയില്‍ രാമായണം, മഹാഭാരതം തുടങ്ങിയ നിരവധി പ്രണയകഥകള്‍ വേറേയുണ്ട്. ആശംസാ കാര്‍ഡുകളുടെയും സ്വകാര്യ ആല്‍ബം ഗാനങ്ങളുടെ വിപണിയിലൂടെയും ബഹുരാഷ്ട്ര കമ്പനികള്‍ വന്‍ തുക സമ്പാദിക്കുകയാണെന്നും ബജ്റംഗ്ദള്‍ പ്രവര്ത്തകന് കൈലാഷ് ആരോപിച്ചു. ഇന്ത്യയില്‍ പുല്‍വാമാ ഭീകരാക്രമണം നടന്നത് ഇതേദിവസമാണെന്നും യുവാക്കള്‍ അത് തിരിച്ചറിയണമെന്നും കൈലാഷ് കൂട്ടിചേര്‍ത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഉത്തരേന്ത്യയില്‍ പ്രണയദിനത്തിനെതിരെ പ്രചാരണം ഇതിനകം ശക്തമായിട്ടുണ്ട്. വാലന്റൈന്‍സ് ദിനം ഇന്ത്യന്‍ സംസ്കാരത്തിൻ്റെ ഭാഗമല്ലെന്നും സനാതന ധര്‍മ്മമനുസരിച്ച് ജീവിക്കുന്നവര്‍ ഇത്തരം പാശ്ചാത്യ ആശയങ്ങളെ സ്വീകരിക്കരുതെന്നുമാണ് പ്രചരണം. ഹിന്ദുത്വ സംസ്കാരമെന്നത് മാന്യതയും കുലീനതയുമാണെന്നും ഇത്തരം ആഘോഷങ്ങള്‍ യുവജനതയെ വഴി തെറ്റിക്കുന്നുമെന്നുമാണ് ട്വിറ്ററിലൂടെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരണം നടത്തുന്നത്. ഇന്ത്യയില്‍ വാലന്റൈന്‍സ് ഡേ നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സേ നോ റ്റു വാലന്റൈന്‍സ് ഡേ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് ക്യാമ്പയിന്. ഇത്തരം ട്വീറ്റുകള്‍ക്ക് നിരവധി ലൈക്ക് ലഭിക്കുകയും റി ട്വീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.