തമിഴ്നാട്: കോവിഡ് ഭീതി കുറയുന്ന സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. പ്ലേ സ്കൂള്‍, നഴ്സറി സ്കൂള്‍ എന്നിവ ഫെബ്രുവരി 16 മുതല്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്തെ പ്ലേ സ്കൂളുകളും നഴ്സറി സ്കൂളുകളും എല്ലാം തുറക്കുന്നത്. വ്യാപാര മേളകൾക്ക് അനുമതി നൽകിയ സര്‍ക്കാര്‍ പക്ഷേ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പരിപാടികൾക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. അതെ സമയം വിവാഹ ചടങ്ങുകളിൽ പങ്ക് എടുക്കാവുന്ന ആളുകളുടെ എണ്ണം 100 ൽ നിന്ന് 200 ആയി വർധിപ്പിച്ചിട്ടുണ്ട്. 100 പേരുടെ സാന്നിധ്യത്തില്‍ ശവസംസ്കാരം നടത്താനും സര്‍ക്കാര്‍ അനുമതി ഉണ്ട്.
ഹോട്ടലുകൾ, റസ്റ്റോറന്‍റുകള്‍, ബേക്കറികൾ, മൾട്ടിപ്ലക്‌സുകൾ, തിയേറ്ററുകൾ, ഷോപ്പുകൾ, ഷോറൂമുകൾ, ജ്വല്ലറികൾ, ക്ലബ്ബുകൾ, ജിമ്മുകൾ, ഇൻഡോർ സ്റ്റേഡിയങ്ങളിലെ കായിക മത്സരങ്ങൾ, ബ്യൂട്ടി പാർലറുകൾ, സലൂണുകൾ, അമ്യൂസ്‌മെന്‍റ് പാർക്കുകൾ എന്നിവയില്‍ 100 ശതമാനം പ്രവേശനാനുമതിയും അനുവദിച്ചു. നേരത്തെ പകുതി ആളുകള്‍ക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയിരുന്നത്.
















