മുംബൈ: പോക്സോ കേസുകളിൽ (Pocso Case) വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി (Bombay High Court) നാഗ്പുർ ബെഞ്ച് അഡിഷനൽ ജഡ്ജി പുഷ്പ ഗനേഡിവാല രാജിവച്ചു. അഡിഷനൽ ജഡ്‌ജിയായി തുടർച്ചയോ ഹൈക്കോടതി ജഡ്‌ജായി സ്ഥിരനിയമനം ലഭിക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്നാണു രാജിവച്ചത്.
അഡിഷനൽ ജഡ്‌ജിയായുള്ള കാലാവധി വെള്ളിയാഴ്‌ച അവസാനിക്കാനിരിക്കെ, ഒരു ദിവസം മുൻപാണ് രാജി വെച്ചത്. ശരീരത്തിൽ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ല എന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് പുഷ്പ ഗനേഡിവാലയായിരുന്നു. അവരാണിപ്പോൾ സ്ഥിരം നിയമനം ലഭിക്കാത്തതിന്റെ പേരിൽ രാജിവെച്ചത്.
വിവാദ ഉത്തരവു പുറപ്പെടുവിച്ച ജഡ്ജി പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടെന്നു സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചിരുന്നു. പുഷ്പ ഗനേഡിവാലയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി പിന്നീട് റദ്ദാക്കിയിരുന്നു.
















