ന്യൂഡല്‍ഹി: ഹിജാബ് നിയന്ത്രണത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഉഡുപ്പി ഗവ.കോളെജിലെ വിദ്യാര്‍ഥികളുടെ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. വലിയ തലത്തിലേക്ക് വിഷയത്തെ വളര്‍ത്തരുതെന്ന് സുപ്രിംകോടതി. ന്യായവിരുദ്ധമായ കാര്യങ്ങള്‍ സംഭവിച്ചെങ്കില്‍ തീര്‍ച്ചയായും സംരക്ഷിക്കും. ഭരണഘടനാ അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ഹര്‍ജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്ലീം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് അപ്പീലില്‍ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുമെന്നും അതുവരെ മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുതെന്നുമാണ് ഇന്നലെ ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചത്. മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കുകയാണ്, ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചെയതത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമാധാനത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്. ഹര്‍ജികളില്‍ എത്രയും വേഗം തീര്‍പ്പാക്കുമെന്നും ബെഞ്ച് അറിയിച്ചിട്ടുണ്ട്.
















